സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു: സന്ദീപ് നായർ മാപ്പുസാക്ഷി

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവർക്കെതിരെയാണ് ആദ്യ ഘട്ട കുറ്റപത്രം. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായർ കുറ്റപത്രത്തിൽ മാപ്പുസാക്ഷിയാണ്. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുന്പാണ് എൻ.ഐ.എ. ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് തുടങ്ങി മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേർ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് പണം നൽകിയവർ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്.