ശിവശങ്കർ ആറ് ദിവസം കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി നീട്ടി. ആറ് ദിവസത്തേക്കാണ് കസ്‌റ്റഡി നീട്ടിയത്. ശിവശങ്കറിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലയളവിൽ തനിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.
സർക്കാർ പദ്ധതികളുടെ വിവരങ്ങൾ സ്വപ്‌നയ്‌ക്ക് നൽകിയതായി ശിവശങ്കർ സമ്മതിച്ചെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ, കെ ഫോൺ പദ്ധതി തുടങ്ങിയവയുടെ വിവരങ്ങളാണ് കൈമാറിയത്. വാട്‌സാപ്പ് ചാറ്റിലൂടെയായിരുന്നു കൈമാറ്റമെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളാണ് ലൈഫ് മിഷൻ അടക്കമുളള പദ്ധതികളിൽ ഇടപ്പെട്ടിരിക്കുന്നത്. ശിവശങ്കർ നൽകിയ പല പദ്ധതികളുടെയും വിവരം സ്വപ്‌ന യൂണിടാക്ക് അടക്കമുളള കമ്പനികൾക്ക് നൽകി. ഇത്തരത്തിലാണ് സ്വപ്‌നയ്‌ക്ക് കമ്മീഷൻ കിട്ടിയതെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

