പെരിയ ഇരട്ടക്കൊല: കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. സിആർപിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നൽകി. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസിൽ സിബിഐ നോട്ടീസ് നൽകുന്നത്.
കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ കേസിൽ സിബിഐയ്ക്ക് കേസ് ഡയറിയോ മറ്റ് രേഖകളോ നൽകാതെ പൊലീസ്. കേസ് രേഖകൾ തേടി ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിച്ചത്. സിആർപിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് സിബിഐ നോട്ടീസ് നൽകുന്നത് അപൂർവമാണ്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപേക്ഷ നൽകിയത്.
അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്.