സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ മാധ്യമങ്ങൾക്കെതിരേ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. ചീഫ് സെക്രട്ടറി ഫയലുകൾക്ക് തീയിട്ടെന്നും ഇതിന് മുഖ്യമന്ത്രി നിർദേശിച്ചുവെന്നുമുള്ള രീതിയിൽ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേയാണ് നിയമ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും പരാതി നൽകും.
മാധ്യമങ്ങൾക്കെതിരേ നടപടിക്കായി എജിയിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രിസഭ ചർച്ച ചെയ്ത ശേഷമാണ് തീരുമാനം. മാധ്യമങ്ങൾ പ്രതിപക്ഷ നേതാക്കളുടെ ചുവടു പിടിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.
