ഇന്ത്യൻ സ്കൂളിൽ ഫീസടക്കാൻ കഴിയാത്തതിന്‍റെ പേരിൽ ഇനിയൊരു രക്ഷിതാവും ജീവനൊടുക്കരുത്: യു.പി.പി
∗ഫീസടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് നാളെ മുതൽ ദിനംപ്രതി സ്കൂളിന് കൈമാറും
∗പണപിരിവ് നടത്തുന്നെന്ന് പറഞ്ഞത് പച്ചകള്ളം
മനാമ: കോവിഡ് വ്യാപനഫലമായി സാന്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കളെ ഒരു മാനുഷിക പരിഗണയും ഇല്ലാതെയാണ് ഓൺലൈൻ ക്ലാസുകളിൽ നിന്നും ഒഴിവാക്കിയത്. പത്തും പന്ത്രണ്ടും ക്ലാസുകളിൽ പഠിക്കുന്ന അടുത്ത ബോർഡ് പരീക്ഷകൾ എഴുതുതേണ്ടുന്ന കുട്ടികൾക്ക് കൂടി ആദ്യം ക്ലാസുകൾ നിഷേധിക്കുകയാണുണ്ടായത്. രക്ഷിതാക്കളോടൊപ്പം ചേർന്നുള്ള യുപിപിയുടെ പ്രതിഷേധങ്ങൾ കാരണം ബോർഡ് പരീക്ഷകൾ എഴുതേണ്ടുന്ന കുട്ടികളുടെ കാര്യത്തിൽ ഇളവുകൾ നൽകുവാൻ സ്‌കൂൾ മാനേജ്‌മെന്റ് നിർബന്ധിതരായതിന്റെ ജാള്യതയുടെ പേരിലാണ് ഇപ്പോൾ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നത്. തുച്ഛമായ തുക ഫീസ് കുടിശ്ശികയുള്ള കുട്ടികളെ കോവിഡ് കാലഘട്ടത്തിന്‍റെ പരിഗണന പോലും നൽകാതെ പൊടുന്നനെ ഓൺലൈൻ ക്ലാസ്സിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിൽ പാവപ്പെട്ട രകഷിതാക്കൾക്ക് ഒരു കൈത്താങ്ങായി ഒരു മാസത്തെ ടൃൂഷൻ ഫീസ് കൊടുക്കൊമെന്ന രീതിയിൽ യു.പി.പി ഭാരവാഹികൾ മാത്രം ഉൾപ്പെടുന്ന ഹെൽപ്പ് ഡസ്ക് പല കുട്ടികളുടേയും ഏപ്രില്‍ മാസം മുതലുള്ള ഫീസ് അടച്ചു കൊണ്ട് രക്ഷിതാക്കൾക്ക് കൈതാങ്ങായി.
2019ൽ സ്വന്തം കുട്ടിയുടെ ഫീസടക്കാൻ കഴിയാതെ പരീക്ഷയ്ക്കിരുത്തില്ല എന്ന് സ്കൂളിൽ നിന്നും അറിയിപ്പ് കിട്ടിയപ്പോൾ ജീവനൊടുക്കിയ ഒരു പാവം രക്ഷിതാവിന്‍റെ ദുർഗതി ഇനിയൊരു രക്ഷിതാവിനും ഉണ്ടാവാതിരിക്കാൻ തങ്ങളാലാവുന്ന മുഴുവൻ സഹായവും സാധാരണക്കാരായ രക്ഷിതാക്കൾക്ക് ചെയ്തു കൊടുക്കാൻ യു.പി.പി. എന്നും പ്രതിഞ്ജാബദ്ധമാണെന്നും ഭീഷണിപ്പെടുത്തിയും അസത്യ പ്രചരണങ്ങൾ നടത്തിയും അത് തകർക്കാൻ ശ്രമിക്കുന്നവർ ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വമെങ്കിലും ഓർക്കേണ്ടതുണ്ടെ് യു.പി.പി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
രക്ഷിതാക്കളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റി ഒരു വിഷമഘട്ടം വരുന്പോൾ രക്ഷിതാക്കളെ സഹായിക്കുന്നതിന് പകരം അവർക്ക് ഇരുട്ടടിയെന്നോണം കുടിശ്ശിക വന്ന ഫീസിന്‍റെ കാര്യത്തിൽ അവിചാരിതമായെടുത്ത ഒട്ടും നീതിപൂർവ്വമല്ലാത്ത നടപടിയുടെ സാഹചരൃത്തിലാണ് യു.പി.പി ഭാരവാഹികൾ തങ്ങളാൽ കഴിയുന്ന സഹായം പാവപ്പെട്ട രക്ഷിതാക്കളെ സഹായിക്കാനൊരുങ്ങിയത്.
അതിനെ പണ പിരിവായി ദുർവ്യാഖ്യാനം ചെയ്യുന്നവർ കൃത്യമായി ജോലിയോ വേതനമോ കിട്ടാതെ പ്രയാസപ്പെടുന്ന ഒരു രക്ഷിതാവിന്റെ വിഷമത്തെ പുച്ഛത്തോടെ കാണുന്നവരാണ്. പ്രത്യേക താൽപ്‍പര്യങ്ങളൊന്നുമില്ലാതെ ഏത് വ്യക്തിയും സംഘടനയും പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന ഒരു സാഹചരൃമാണ് ഇന്ന് ലോകം മുഴുവൻ നിലനിൽക്കുന്നത്.
സ്കൂളിൽ അപേക്ഷ കൊടുത്തിട്ടും ബന്ധപ്പെട്ട പലരോടും കേണപേക്ഷിച്ചിട്ടും ഒരു ഇളവും കിട്ടാതെ ഓൺലൈൻ ക്ലാസ്സിൽ നിന്നും നിർദാക്ഷിണ്യം പുറത്താക്കപ്പെട്ട കുഞ്ഞു മക്കളുടെ രക്ഷിതാക്കൾക്ക് കൈതാങ്ങാകാൻ തീരുമാനിച്ചതിന്‍റെ പേരിൽ നിയമ നടപടിയെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുന്നത് സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത മനസ്സുകളുടെ ജൽപനങ്ങളായി മാത്രമേ കാണാനാവൂ എന്ന് യു.പി.പി.നേതാക്കൾ പറഞ്ഞു.
സ്കൂൾ കമ്മറ്റിയുടെ ഈ അനീതീക്കെതിരെ ബന്ധപ്പെട്ട ആളുകൾക്ക് യു.പി.പി. പരാതി നൽകിയിട്ടുണ്ട്. വർഷം തോറും മെഗാ ഫെയർ നടത്തി രക്ഷിതാക്കൾക്ക് മുന്‍പിലോ ജനറൽ ബോഡിയിലോ ഇത് വരെ ഒരു ഫിൽസിന്‍റെ കണക്കു പോലും അവതരിപ്പിച്ചിട്ടില്ലാത്ത ലക്ഷകണക്കിന് ദിനാർ കൊണ്ട് പാവപ്പെട്ട രക്ഷിതാക്കളെ സഹായിക്കാമായിരുന്നിട്ടും അവരുടെ കുട്ടികളെ ക്ലാസ്സിൽ നിന്നും പുറത്താക്കുകയാണൂണ്ടായത്. ഈ കഴിവു കേടിനെതിരെ യു.പി.പി നടത്തിയ മുന്നേറ്റത്തിലൂടെ വിദ്യാർത്ഥികൾക്ക് പഠനം തുടരാനായതിന്‍റെ ജാള്യത മറക്കാൻ ഭീഷണിയുടേയും അപകീർത്തിപ്പെടുത്തലിന്‍റേയും വഴി സ്വീകരിക്കുന്നത് മാന്യതയുള്ള ഒരു കമ്മറ്റിക്ക് ചേര്‍ന്നതല്ല. ആയിരം വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകിയെന്ന് നിരന്തരം വീന്പ് പറയുന്നവർ സ്കൂൾ വെബ് സൈറ്റിലെങ്കിലും അതിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും യു.പി.പി നേതാക്കൾ പത്രകുറിപ്പിലൂടെ ആവശൃപ്പെട്ടു
വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇനിയും ഇടപെടുകയും വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും യുപിപി ഭാരവാഹികൾ പറഞ്ഞു. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിരന്തരം ഉണ്ടാകുന്ന ക്രമക്കേടുകളും പോരായ്‌മകളും വെളിച്ചത്തു കൊണ്ട് വന്നാൽ ഭീഷണിയുടെ സ്വരം തുടക്കം മുതലേ ഉപയോഗിക്കുവാനാണീ കമ്മറ്റി ശ്രമിച്ചുപോരുന്നത്. മാർഗ്ഗവും ലക്ഷ്യവും നല്ലതു മാത്രമായതിനാൽ ഇത്തരം ഭീഷണികൾ കൊണ്ട് പേടിക്കുന്നവരല്ല യുപിപി എന്നും ഭാരവാഹികൾ പറഞ്ഞു.
