സ്വപ്ന സുരേഷിന്‍റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണത്തിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്ന സുരേഷിന്‍റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു.
സ്വപ്നനയുടെ വീട്ടിൽ മന്ത്രി പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെ. സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്‍റെയും പേരുണ്ട്. സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രൻ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റിൽ ഫർണീച്ചറുകൾ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
നേരത്തെയും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സന്ദീപ് രംഗത്ത് വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. മകളുടെ വിവാഹത്തിന് സമ്മാനമായി ഫർണിച്ചറുകൾ നൽകിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു.
