മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ. സ്വപ്‌നയുമായുള്ള ഫോൺ വിളികൾ, മതഗ്രന്ഥം സംബന്ധിച്ച വിവരങ്ങൾ, ആസ്തികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ് വിവരം.
സ്വപ്‌ന സുരേഷുമായി ഔദ്യോഗിക ഫോൺ വിളികൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ജലീൽ ഇഡിയോട് വെളിപ്പെടുത്തിയത്. കോൺസുൽ ജനറലുമായി ജലീലിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മതഗ്രന്ഥം എത്തിച്ചത് സംബന്ധിച്ച കാര്യങ്ങളും ചോദ്യങ്ങളായി. ജലീലിന്റെ ആസ്തികളും ബാധ്യതകൾ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു.
ഒന്നേകാൽ ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്. ട്രഷറിയിൽ മൂന്നര ലക്ഷം രൂപയുണ്ട്. സ്വന്തമായി വാഹനമോ ഒരു പവൻ സ്വർണമോ ഇല്ല. തന്റെ പേരിൽ പത്തൊൻപതര സെന്റ് സ്ഥലമുണ്ടെന്നും കെ ടി ജലീൽ മറുപടി നൽകി.