സി.പി.എം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സിപിഎം പ്രവർ‍ത്തകയുടെ ആത്മഹത്യാ കുറിപ്പ്


തിരുവനന്തപുരം: പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച സിപിഎം പ്രവർത്തക ആശയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ചെങ്കൽ ലോക്കൽ കമ്മിറ്റി അംഗം കൊറ്റാമം രാജൻ, അലത്തറവിളാകം ജോയ് (ബ്രാഞ്ച് സെക്രട്ടറി) എന്നിവരാണ് തന്റെ മരണത്തിനുകാരണമെന്നും തന്നെ മാനസികമായി പലതവണ പീഡിപ്പിച്ചുവെന്നും പാർട്ടിയിൽ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ ആശയുടെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്.

കുറിപ്പ്−: ''മരണകാരണം− പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി എൽ.സി മെന്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജൻ. പാർട്ടിക്ക് പരാതി നൽകിയിട്ടും ആരും ഒരു നടപടിയും എടുത്തില്ല. എല്ലാം ചെങ്കലിലെ നേതാക്കൾക്കറിയാം.''

അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻ‍വീട്ടിൽ‍ ആശ(41)യെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്കൽ പ‍ഞ്ചായത്തിലെ ആശാവർക്കറായിരുന്നു ആശ. അഴകിക്കോണത്ത് പാർ‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയിൽ‍ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടർ‍ന്ന് ബന്ധുക്കൾ‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഭർത്താവ്− ശ്രീകുമാർ, അരുണ്‍ കൃഷ്ണ, ശ്രീകാന്ത് എന്നിവർ‍ മക്കളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed