സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു


 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കേസിൽ പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ്‌ അൻവർ, ജിപ്സൽ, മുഹമ്മദ്‌ അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസ് കസ്റ്റഡി ആവശ്യപ്പെട്ട പത്തു പ്രതികളെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് ഹാജരാക്കാനും കോടതി നിർദേശിച്ചു.

അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യം ഇല്ലെന്നു സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എൻഐഎ കസ്റ്റഡിയിലിരിക്കെ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് ദിവസങ്ങളുടെ എണ്ണം കുറയ്ക്കണം. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നതിനാൽ അവരുടെ ആവശ്യ പ്രകാരം ആണ് ബാഗ് വിട്ടു കൊടുക്കാൻ ആവശ്യപ്പെട്ടത് എന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളിയ കോടതി കസ്റ്റംസിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇരുവരെയും കസ്റ്റംസിന് കൈമാറും.

അതേസമയം, കേസിലെ പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.  കസ്റ്റംസിന്റെ അപേക്ഷപ്രകാരമാണ് നടപടി. സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കൊണ്ടുള്ള റിപ്പോർട്ട്‌ കസ്റ്റംസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ഇരുവരെയും ഇന്ത്യയിൽ എത്തിക്കാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയിൽ അപേക്ഷ നൽകിയത്.

You might also like

  • Straight Forward

Most Viewed