സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും 21 വരെ എന്‍.ഐ.എ. കസ്റ്റഡിയില്‍


കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയെയും സന്ദീപിനെയും കോടതി ജൂലൈ 21 വരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് പ്രത്യേക കോടതിയുടെ നടപടി

അതേസമയം സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എൻ.ഐ.എ. ഫൈസൽ ഫരീദാണ് വ്യാജ രേഖകൾ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻ.ഐ.എ. സംഘം കോടതിയെ അറിയിച്ചു.  

സ്വർണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്ന് യു.എ.ഇ. നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എൻ.ഐ.എ. തിങ്കളാഴ്ച കോടതിയിൽ നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കം. നയതന്ത്ര ബാഗേജിന്റെ പരിരക്ഷ ലഭിക്കാനായി പ്രതികൾ യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമിച്ചെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. മാത്രമല്ല, കേരളത്തിലെത്തിക്കുന്ന സ്വർണം ആഭരണനിർമാണത്തിനല്ല, തീവ്രവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു.

കേസിൽ മൂന്നാംപ്രതിയായ ഫൈസൽ ഫരീദിന്റെ പേരും വിലാസവും തിരുത്താനും എൻ.ഐ.എ. കോടതിയിൽ അപേക്ഷ നൽകി. നേരത്തെ ഫാസിൽ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നൽകിയിരുന്നത്. എന്നാൽ ഇത് ഫൈസൽ ഫരീദ്, കൊടുങ്ങല്ലൂർ സ്വദേശി എന്നാക്കണമെന്നാണ് എൻ.ഐ.എ. ആവശ്യപ്പെട്ടിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed