പിതാവ് കട്ടിലിൽ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്‍റെ നില അതീവ ഗുരുതരം
കൊച്ചി: അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്ത സ്രാവം ഉണ്ടായ കുഞ്ഞ് വെന്‍റിലേറ്ററിലാണെന്നും കുഞ്ഞിന്‍റെ തലയ്ക്കാണ് പരിക്കേറ്റതെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ എത്തുന്പോൾ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. കട്ടിലിൽനിന്ന് വീണ് അപകടം സംഭവിച്ചതെന്നാണ് രക്ഷിതാക്കൾ ആദ്യം പറഞ്ഞത്. പരസ്പര വിരുദ്ധമായാണ് മാതാപിതാക്കൾ സംസാരിച്ചതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്. സംഭവത്തിൽ അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസിനെ (40) അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെൺകുഞ്ഞായതിനാലും കുട്ടി തന്‍റേതല്ലെന്ന സംശയത്താലുമാണ് ഇയാൾ ഈ ക്രൂരകൃത്യത്തിനു മുതിർന്നതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഭാര്യയുടെ കൈയിൽനിന്നു ബലമായി പിടിച്ചുവാങ്ങി കൈകൊണ്ടു രണ്ടുതവണ കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.

