രാത്രി നടത്തം; സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

കാസർഗോഡ്: നിർഭയ ദിനാചരണത്തിന്‍റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിനിടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് പിടിയിൽ. കാസർഗോഡാണ് സംഭവം. കാസർഗോഡ് നഗരത്തിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡ് റോഡിലൂടെ നടന്ന സ്ത്രീകളോട് കാറിലെത്തിയ ഒരാൾ മോശമായി സംസാരിച്ചെന്നും പരാതി ഉയർന്നു. സിസിടിവി കേന്ദ്രീകരിച്ച് ടൗൺ സൗത്ത് പൊലിസ് അന്വേഷണം തുടങ്ങി.
കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ മിഠായിത്തെരുവിലെ എസ്.കെ. പ്രതിമയ്ക്ക് താഴെ ഒത്തുചേർന്നു. അന്വേഷി പ്രസിഡന്‍റ് കെ. അജിതയടക്കമുള്ളവർ പരിപാടിക്ക് എത്തിയിരുന്നു. ആട്ടവും പാട്ടുമായി പ്രതിഷേധം ആഘോഷമാക്കി മാറ്റി. ബീച്ചടക്കം അഞ്ചിടങ്ങളില്‍ നിന്നായിരുന്നു കോഴിക്കോട്ടെ രാത്രിനടത്തം.