സവാള നൽകാത്തതിൽ തർക്കം; യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

തിരുവനന്തപുരം: സവാള നൽകാത്തതിൽ പ്രകോപിതരായി യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. തിരുവനന്തപുരം കൈതമുക്കിൽ ബുധനാഴ്ചയാണു സംഭവം. ഹോംലി മീൽസ് എന്ന കടയിലാണു യുവാക്കൾ രാത്രി അക്രമം നടത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ ആദ്യ രണ്ടു തവണ സവാള ചോദിച്ചപ്പോഴും നൽകി. വീണ്ടും ചോദിച്ചപ്പോൾ സവാള തീർന്നുപോയി എന്നു പറഞ്ഞതാണു യുവാക്കളെ പ്രകോപിപ്പിച്ചത്. കടയുടെ ചില്ലുകൾ അടിച്ചുപൊട്ടിച്ച സംഘം പോലീസ് വരുന്നതിനു മുന്പു രക്ഷപെട്ടു. ആക്രമണത്തിൽ ഒരു ജീവനക്കാരനു പരിക്കേറ്റു. ആക്രമണം നടത്തിയ യുവാക്കൾ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു.