മോദിയെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മോദിയെ വെറുത്തോളൂ, നിങ്ങൾ ഇന്ത്യയെ വെറുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ രാംലീല മൈതാനിയിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡൽഹിയിലെ അനധികൃത കോളനി നിവാസികൾക്ക് സർക്കാർ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നൽകുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. എന്നെ വെറുത്തോളൂ, പക്ഷേ പാവങ്ങളുടെ വീടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും തീവെക്കരുത്. പാവം ഡ്രൈവർമാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവൻവെടിഞ്ഞു. പോലീസുകാർ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, മോദി പറഞ്ഞു.
ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം പാസ്സാക്കി. ജനവിധിയാണ് പാർലമെന്റിലൂടെ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പാർലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവർക്കൊപ്പമാണ് ഞാൻ. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയാണ്. എന്നാൽ ചില രാഷ്ട്രീയ കക്ഷികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്− പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോൺഗ്രസ്, അവരുടെ സഖ്യകക്ഷികൾ, അർബൻ നക്സലുകൾ തുടങ്ങിയവർ ചേർന്നാണ് കിംവദന്തികൾ പ്രചരിപ്പിക്കുന്നത്. അവർ മുസ്ലിങ്ങൾക്കായി നിർമിക്കുന്ന അഭയകേന്ദ്രങ്ങളെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരൻമാർക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങൾക്കായി അഭയകേന്ദ്രങ്ങളില്ല, മോദി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിലൂടെ സർക്കാർ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. സർക്കാരിന് പക്ഷപാതമുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. മതം നോക്കിയല്ല സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സർക്കാർ പാവങ്ങളെ സഹായിച്ചു, എന്നാൽ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അത്.
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം നഷ്ടപ്പെടാൻ ഇടയാക്കില്ല. ഇത് ജനങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണ്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതത്തിന്റെ പേരിൽ പീഡനങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടിയാണ് ഈ നിയമം. ഒരു നുഴഞ്ഞുകയറ്റക്കാരൻ ഒരിക്കലും അവന്റെ സ്വത്വം വെളിപ്പെടുത്തില്ല. ഒരു അഭയാർഥി ഒരിക്കലും സ്വത്വം ഒളിച്ചുവയ്ക്കുകയും ചെയ്യില്ല. നിരവധി നുഴഞ്ഞുകയറ്റക്കാർ ഇപ്പോൾ പുറത്തുവരികയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. യഥാർഥ സ്വത്വം വെളിപ്പെട്ടുപോകുമോ എന്ന ഭയം മൂലം അവർ സത്യം പറയാൻ തയ്യാറാവുന്നില്ല. ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ പരോക്ഷമായി മോദി വിമർശിച്ചു. ഇതുവരെയും ഡൽഹിയിലെ ജനങ്ങൾ വ്യാജ വാഗ്ദാനങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി അധികാരത്തിലുള്ളവർ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.