യൂണിവേഴ്സിറ്റി കോളേജ് അക്രമം; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അക്രമ സംഭവവുമായി ബന്ധപ്പെട്ട് 13 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പേരിലും കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലുമാണ് നടപടി. വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പോലീസിനെ ആക്രമിച്ചതിന് കെ.എസ്.യു−.എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ വെച്ച് കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച എസ്.എഫ്.ഐ നേതാവ് എട്ടപ്പൻ എന്ന വിളിപ്പേരുള്ള മഹേഷ് ഒളിവിൽ പോയി. മർദ്ദനത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ മുങ്ങിയത്. പത്ത് വർഷത്തോളമായി ഇയാൾ ക്യാന്പസ്സിൽ കറങ്ങി നടക്കുകയാണെന്നാണ് കെ.എസ്.യു.വിന്‍റെ ആരോപണം. കോഴ്സ് കഴിഞ്ഞിട്ടും ഹോസ്റ്റലിൽ തങ്ങുകയാണെന്നും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുണ്ടെന്നും കെ.എസ്.യു ആരോപിക്കുന്നു.

