കെ.എസ്.ആർ.ടി.സിയിലെ ശന്പള പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശന്പള പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സർക്കാർ സഹായം അനിവാര്യമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. കഴിഞ്ഞ മാസം രണ്ട് ഗഡുക്കളായാണ് ശന്പളം വിതരണം ചെയ്തത്. ഈ മാസം മൂന്ന് ആഴ്ച പിന്നിട്ടെങ്കിലും പകുതി ശന്പളം മാത്രമാണ് കൊടുത്തത്. എ.ഐ.ടി.യു.സി ആഭിമുഖ്യത്തിലുള്ള തൊഴിലാളി യൂണിയൻ തന്പാനൂർ സ്റ്റാൻഡിൽ നടത്തുന്ന നിരാഹാര സമരം 12 ദിവസം പിന്നിട്ടു. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലുള്ള യൂണിയന്‍ ചീഫ് ഓഫീസീനു മുന്നിൽ ഒരാഴ്ചയായി ഉപരോധ സമരം നടത്തുകയാണ്. ശന്പള വിതരണം പൂർത്തിയാക്കാൻ ഇനി 37 കോടി രൂപ വേണം. ദൈനംദിന വരുമാനത്തിൽ നിന്ന് മാറ്റി വച്ച തുക കൂടിച്ചേർത്താലും 19 കോടിയെങ്കിലും സർക്കാർ അടിയന്തര സഹായമായി നൽകണമെന്നാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗതമന്ത്രി നാളെ വിദേശത്തേക്ക് പോകുന്നതോടെ പ്രശന പരിഹാര ചർച്ച നീണ്ടേക്കും. നാളെ മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിന് പോകുന്ന മന്ത്രി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങിയെത്തൂ. പ്രശ്നപരിഹാരത്തിനുള്ള ചർച്ച നീണ്ടുപോകാനാണ് സാധ്യത. ധനമന്ത്രി സ്ഥലത്തിലാത്തതിനാൽ ഗതാഗതമന്ത്രിയുമായിയുള്ള മന്ത്രിതല ചർച്ച നടന്നില്ല. യൂണിയൻ നേതാക്കളുമായുള്ള ഇന്നത്തെ ചർച്ചയും മാറ്റിവച്ചു.

