കടുത്ത മാനസിക സമ്മർദ്ദം, മനോരോഗ വിദഗ്ധനെ കാണണമെന്ന് ജോളി


കോഴിക്കോട്: കടുത്ത മാനസിക സമ്മർദ്ദമെന്ന് കൂടത്തായി കൊലപാതകക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളി പോലീസിനോട് പറഞ്ഞു. മനോരോഗ വിദഗ്ധനെ കാണണമെന്നും ജോളി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തോടും ജയിൽ അധികൃതരോടും പലതവണ ആവശ്യമറിയിച്ചു. എന്നാൽ, കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂർവമായ ശ്രമമെന്ന് സംശയിക്കുന്നതിനാൽ ജോളിയുടെ ആവശ്യം അംഗീകരിക്കില്ല എന്ന നിലപാടിലാണ് പോലീസ്.

കടുത്ത മാനസിക സമ്മർദ്ദം. ഉറങ്ങാനാകുന്നില്ല. ഓർമക്കുറവും വല്ലാതെയുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോളി മനോരോഗ വിദഗ്ദ്ധനെ കാണമെന്ന് ആവശ്യപ്പെട്ടത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും പലതവണ അന്വേഷണസംഘത്തോട് ആവശ്യമറിയിച്ചു. ഉദ്യോഗസ്ഥർ കാര്യമായെടുത്തില്ല. നാലാമത്തെ കേസിൽ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലിൽ മടങ്ങിയെത്തുമ്പോൾ ജോളി വീണ്ടും ആവശ്യമറിയിച്ചു. ജയിലിൽ പതിവായെത്തുന്ന ഡോക്ടറെയോ കൗൺസിലറയോ കണ്ടാൽ തീരുന്ന പ്രശ്നങ്ങളല്ല തനിക്കുള്ളതെന്നാണ് ജോളിയുടെ വാദം.
അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചാണെന്നും റിപ്പോർട്ടുകളുണ്ട്. ജോളിയുടെ ഭർത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് കൊലപ്പെടുത്തിയത്. ഇത് 'ഡോഗ് കിൽ' ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുത്തുവെന്നാണ് സൂചന.

You might also like

  • Straight Forward

Most Viewed