അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു


കൊച്ചി: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കൊല്ലപ്പെട്ടവരുടെ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്‌കാരം പാടില്ല. മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്ന് സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേസിന്റെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണം. മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് സംസ്‌കാരം തടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28നാണ് മഞ്ചക്കണ്ടി വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടന്നത്. നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടിയില്‍ നടന്നത് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് മാവോയിസ്റ്റുകളുടെ സംസ്‌കാരം തിങ്കളാഴ്ച വരെ കോടതി തടഞ്ഞിരുന്നു. ഏറ്റുമുട്ടലിനെ സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുവെന്നും പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ മണിവാസകനെ മാത്രമാണ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. മറ്റ് മൂന്നുപേരുടെ ബന്ധുക്കള്‍ മൃതദേഹത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed