വാളയാര്‍ കേസിൽ അട്ടിമറിയില്ല, അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാളയാര്‍ കേസിൽ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. കേസന്വേഷണത്തിൽ അട്ടിമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു .
വാളയാര്‍ കേസിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച പിണറായി വിജയൻ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്നും പറഞ്ഞു.
അതേ സമയം പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച സംഭവം കൊലപാതകമെന്ന് ആവര്‍ത്തിച്ച് അച്ഛൻ. ചെറിയ പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛൻ മാധ്യമത്തിനോട് പറഞ്ഞു. തുടക്കം മുതൽ പോലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിലും അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. കുട്ടികൾ പീഡനത്തിനിരയായ വിവരം അറിയുന്നത് മരിച്ച ശേഷമാണെന്നും അച്ഛനും അമ്മയും ആരോപിച്ചു.
ഒമ്പത് വയസ്സുകാരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അച്ഛൻ പറയുന്നത്. വീടിന്‍റെ ഉത്തരത്തിൽ കയറിട്ട് കെട്ടി ആത്മഹത്യ ചെയ്യാൻ കുഞ്ഞിന് കഴിയില്ലെന്ന് അച്ഛൻ പറയുന്നു. കുഞ്ഞിന്‍റെ കഴുത്തിനുണ്ടായ നീളം രേഖപ്പെടുത്തുന്ന പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടും സംഭവം കൊലപാതകം ആകാമെന്ന സൂചനയാണ് നൽകുന്നത്. കൊലപ്പെടുത്തി കെട്ടിത്തൂക്കുന്നതും തൂങ്ങിമരിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ടെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കസേര വലിച്ചിട്ട് വീടിന്‍റെ ഉത്തരത്തിൽ കയറിട്ട് കെട്ടി തൂങ്ങുകയായിരുന്നു എന്ന പോലീസ് വാദം മഹസ്സര്‍ റിപ്പോര്‍ട്ടും സാധൂകരിക്കുന്നില്ല. കുഞ്ഞ് തൂങ്ങി നിന്ന മുറിയിൽ കസേരയടക്കം ഒന്നും അലങ്കോലമായി കിടന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

