മംഗളവനത്തിലെ നിർമ്മാണ പ്രവർ‍ത്തനങ്ങൾ നിരോധിച്ച സംഭവം: സർക്കാരിന് സുപ്രീംകോടതി നോട്ടീസ്


ന്യൂഡൽഹി: കൊച്ചിയിലെ മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. ദേശിയ ഹരിത ട്രിബ്യുണൽ ഏർപ്പെടുത്തിയ നിരോധനം നീക്കണം എന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

മംഗളവനത്തിന് സമീപത്തുള്ള എറണാകുളത്തെ പഴയ റെയിൽവേ േസ്റ്റഷൻ പുനഃരുജ്ജീവിപ്പിക്കാൻ അനുവദിക്കണം എന്നാണ് റെയിൽവെയുടെ ആവശ്യം. ഇടപ്പള്ളിയിൽ നിന്ന് പഴയ റെയിൽവേ േസ്റ്റഷനിലേക്കുള്ള തീവണ്ടിപ്പാത നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കാൻ അനുവദിക്കണം എന്നും ദക്ഷിണ റെയിൽവേ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

വനഭൂമിയും, പക്ഷിസങ്കേതത്തിന് അടുത്തുള്ള ഭൂമിയും ആയതിനാൽ നിർമ്മാണ പ്രവത്തനങ്ങൾ നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയും, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേശിയ ഹരിത ട്രിബ്യുണൽ നിരോധനം ഏർപ്പെടുത്തിയത്. ദക്ഷിണ റെയിൽവെ ജനറൽ മാനേജർ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും ലോയേഴ്സ് എൻവയോൺമെന്റൽ അവെയർനെസ് ഫോറം എന്ന സംഘടനയ്ക്കും ജസ്റ്റിസ് മാരായ റോഹിങ്ടൺ നരിമാൻ, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.

2004ൽ മംഗളവനത്തിനെ വന്യ ജീവി സങ്കേതകേന്ദ്രം ആയി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. മംഗളവനത്തിന് ചുറ്റും ഉള്ള 100 മീറ്ററിലെ 2.74 ഹെക്ടർ ഭൂമി പരിസ്ഥിതി ലോല പ്രദേശം ആയി വിജ്ഞാപനം ചെയ്യണം എന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ 2.39 ഹെക്ടർ ഭൂമിയും റെയിൽവേ പുറന്പോക്ക് ഭൂമി ആണ്. മംഗളവനത്തിലെ മരങ്ങൾ വെട്ടി റെയിൽവേ ട്രാക്ക് പണിയുന്നത് തടയാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നൽകിയ പരാതിയിൽ കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം തുടർ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ദക്ഷിണ റെയിൽവേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed