കാഞ്ഞങ്ങാട് കോടികളുടെ തട്ടിപ്പ്: ഇരയായവരിൽ വിദേശത്തുള്ളവരും, മൂന്ന് പേർ അറസ്റ്റിൽ


പയ്യന്നൂർ: കാഞ്ഞങ്ങാട് മാവുങ്കാലിൽ 'ക്യു ലൈൻസ് ഇ കൊമേഴ്‌സ്" എന്ന ചാരിറ്റി ട്രസ്റ്റിന്റെ പേരിൽ 70ഓളം പേരിൽ നിന്നായി മൂന്നു കോടിയോളം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൂണൂർ ഇരിയ സ്വദേശി പി. ബാലദാസ് (31), കെ. പ്രജീഷ് (30), കെ.സുധീഷ് (27) എന്നിവരാണ് പിടിയിലായത്. പയ്യന്നൂർ അന്നൂർ കിഴക്കേ കൊവ്വലിലെ എം.കെ.രജിലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്വദേശത്തും വിദേശത്തുമായി 70 ഓളം ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 
സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. തുടർന്ന് സ്ഥാപനത്തിനെതിരെ അഞ്ചോളം പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്. പയ്യന്നൂർ പോലീസ് മാവുങ്കാലിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. മണിചെയിൻ മാതൃകയിലുള്ള നെറ്റ്‌വർക് സംവിധാനത്തിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്. ഒരു ലക്ഷം മുതൽ 8 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ടത്രെ. ഗൾഫിൽ ജോലിചെയ്യുന്നതിനിടെ സ്ഥാപനത്തിലേക്ക് ബിസിനസ് പാർട്ണറായി ചേർക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരാൾ സമീപിക്കുകയായിരുന്നുവെന്ന് പരാതി നല്കിയ രജിൽ പറയുന്നു.
അവരെ വിളിച്ച് അന്വേഷിച്ചപ്പോൾ കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ വിശ്വാസത്തിലാണ് രജിൽ നാട്ടിലുള്ള സഹോദരന് പണം അയച്ച് കൊടുത്തത്. രജിലിന്റെ സഹോദരനിൽ നിന്നും 2017 ഒക്ടോബർ 6ന് 1.20 ലക്ഷം രൂപ വാങ്ങിക്കുകയും പിന്നീട് രജിലിനെ ബിസിനസിൽ പങ്കാളിയാക്കാതെയും വാങ്ങിയ തുക തിരിച്ച് കൊടുക്കാതെയും കബളിപ്പിച്ചു എന്നാണ് രജിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസിലെ മറ്റ് പ്രതികളായ ക്യു ലൈൻസ് ഇ-കൊമേഴ്‌സ് ഉടമ കാഞ്ഞങ്ങാട് ഇരിയ സ്വദേശി കെ. വേണുഗോപാൽ (36), ഇ. വിനോദ് കുമാർ (33) എന്നിവർ ഒളിവിലാണ്. എത്രയും വേഗംതന്നെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും മറ്റ് സമാന തട്ടിപ്പ് കേസ്സുകളിൽ പ്രതികൾക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി ടി.കെ രത്‌നകുമാർ അറിയിച്ചു.

You might also like

Most Viewed