ജ​യ​ശ​ങ്ക​റി​നെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്ക​ണ​മെ​ന്ന് ശ്രീ​മ​തി ടീ​ച്ച​ർ


കണ്ണൂർ‍: അഡ്വ. ജയശങ്കറിനെതിരെ രൂക്ഷ പരിഹാസവുമായി സി.പി.എം വനിതാ നേതാവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതി ടീച്ചർ. ജയശങ്കറിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നാണ് ശ്രീമതി ടീച്ചറുടെ പരിഹാസം. കണ്ണൂരിൽ തോറ്റ ശ്രീമതി ടീച്ചറെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സംഘടനയിലോ സ്ഥിരാംഗമോ ആക്കണമെന്ന ജയശങ്കറുടെ പരിഹാസത്തിനു മറുപടിയായാണ് അവർ തിരിച്ചടിച്ചത്.  ഫേസ്ബുക്കിലൂടെയായിരുന്നു മറുപടി. തന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ‍ ശുപാർ‍ശ ചെയ്ത ജയശങ്കറിനെ അറ്റോർ‍ണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ‍ താനും ശുപാർ‍ശ ചെയ്യുന്നതായി ശ്രീമതി ഫേസബുക്കിൽ കുറിച്ചു.  ഫേസ്ബുക്ക് കുറിപ്പ് ചുവടെ: 

പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു. വക്കീലിന് നന്ദി. എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ. എന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ ഞാനും ശുപാർശ ചെയ്യുന്നു.  കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ‘നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും’ കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്. കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുച്ഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം.   നെരുവന്പറം യു. പി. സ്കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ ‘തയ്യൽ ടീച്ചർ’ എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്.  കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed