കേരളത്തിൽനിന്നും ആദ്യ ഹജ് സംഘം യാത്രതിരിച്ചു
മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ആദ്യ തീർത്ഥാടക സംഘം ഇന്നലെ കരിപ്പൂർ വിമാനത്തവളത്തിൽനിന്നും യാത്ര തിരിച്ചു. ഉച്ചക്ക് 2.25ന് സൗദി എയർലൈൻസിന്റെ എസ്.വി 5749 വിമാനത്തിൽ 300 തീർത്‍ഥാടകരാണു പുറപ്പെട്ടത്. ഫ്‌ളാഗ് ഓഫ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവ്വഹിച്ചു. എം.എൽ.എമാരായ ടി.വി ഇബ്രാഹിം, പി. അബ്‌ദുൽ ഹമീദ്, മലപ്പുറം ജില്ലാ കളക്ടറും സംസ്ഥാന ഹജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫർ മലിക്, സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യ സംഘത്തിനുളള യാത്രയയപ്പ് സംഗമത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. സയിദ്‌യ ഇബ്‌റാഹീം ഖലീലുൽ ബുഖാരി തങ്ങൾ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. ആദ്യ വിമാനത്തിൽ 133 പുരുഷന്മാരും 167 സ്‌ത്രീകളുമടക്കം 300 തീർത്ഥാടകരാണുള്ളത്. ഉച്ചക്ക് മൂന്ന് മണിക്ക് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തിൽ 140 പുരുഷന്മാരും 160 സ്‌ത്രീകളും യാത്രയായി. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേർ യാത്രയാകും. മുൻ വർഷങ്ങളിൽനിന്നു വിഭിന്നമായി മദീനയിലേക്കാണ് ഇത്തവണ സർവ്‍വീസ്.

