വിഷ്ണുവും പ്രകാശൻ തന്പിയും സ്വർണക്കടത്തിലേക്ക് തിരിഞ്ഞത് ബാലഭാസ്കറിന്റെ മരണശേഷം
തിരുവനന്തപുരം: ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശന്‍ തന്പിയും ചേർന്ന് 150 കിലോയിലേറെ സ്വർണം കടത്തിയതായി ഡി.ആർ.ഐ. പ്രകാശൻ തന്പിക്ക് പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് അവകാശവാദം.
നവംബർ മുതൽ മെയ് വരെയുള്ള ഏഴ് മാസങ്ങളിലായി പ്രകാശൻ തന്പി 8 തവണയും വിഷ്ണു 6 തവണയും ദുബൈയിലേക്ക് യാത്ര ചെയ്തുവെന്നാണ് കണ്ടെത്തൽ. സ്വർണക്കടത്തിലെ ക്യാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. സ്ത്രീകളെ മറയാക്കിയായിരുന്നു ഇവരുടെ സ്വർണകടത്തെന്നും ഡി.ആർ.ഐ കണ്ടെത്തി. ഇവരോടൊപ്പം സ്വർണകടത്തിൽ പങ്കാളികളായ നാല് സ്ത്രീകൾ ഒളിവിലാണെന്നും ഡി.ആർ.ഐ വിശദമാക്കി.
എന്നാൽ ബാലഭാസ്കർ ജീവിച്ചിരുന്ന സമയത്ത് ഇരുവരും സ്വർണം കടത്തിയതിന് തെളിവില്ലെന്നും ഡി.ആർ.ഐ വ്യക്തമാക്കി. ബാലഭാസ്കറിന്റെ മരണ ശേഷം ആ പേര് പറഞ്ഞാണ് പ്രകാശൻ തന്പി പരിചയപ്പെട്ടതെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ മൊഴി നൽകി.

