നിപ്പ ഭീഷണി അകന്നു: ഇനി പേടി വേണ്ടെന്ന് കേന്ദ്ര സംഘം
തിരുവനന്തപുരം: കേരളത്തിൽ നിന്ന് നിപ്പ ഭീഷണി അകന്നെന്ന് വിദഗ്ധ സംഘം. നിപ്പയിൽ ഇനി പേടി വേണ്ടെന്നും തീവ്രനിരീക്ഷണം ആവശ്യമില്ലെന്നും പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോക്ടർ ദേവേന്ദ്ര മൗര്യ പറഞ്ഞു. വവ്വാലുകളുടെ സാന്പിൾ പരിശോധന പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു കഴിഞ്ഞു. നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പരിശോധനാഫലം പത്തു ദിവസത്തിനകം ലഭിക്കും. വൈറസ് വാഹകരായ പഴം തീനി വവ്വാലുകളുടെ സാന്നിധ്യം പല സംസ്ഥാനങ്ങളിലുമുള്ളതിനാൽ വൈറസ് ബാധ ഇനിയും ഉണ്ടായേക്കാമെന്നും മൗര്യ പറഞ്ഞു. 21 ദിവസത്തിനിടെ കേരളത്തിൽ നിന്ന് പരിശോധിച്ച മുപ്പതോളം സാന്പിളുകളിൽ ഒന്നുപോലും പോസിറ്റീവല്ല. നിപ്പയ്ക്കെതിരായ ബോധവൽക്കരണം തുടരണം. പക്ഷികളോ വവ്വാലോ അണ്ണാനോ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും മൗര്യ മുന്നറിയിപ്പ് നൽകി.

