മലപ്പുറത്ത് കെ.എസ്.ആർ.ടി.സിയും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറത്തെ ചങ്ങരംകുളത്ത് കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താർ (38)ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസ് (16)ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. അടൂർ കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസും സ്കൂൾ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. വാനിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ വാൻ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സത്താർ മരിച്ചിരുന്നു. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സൺ റൈസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പൊലീസ്, പൊന്നാനി ഫയർ ഫോഴ്സ്, ട്രോമാകെയർ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.