വാട്‌സ്ആപ്പ് സേവനങ്ങൾ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; ഇനിയും തുടർന്നാൽ പല സേവനങ്ങളും പിൻവലിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ന്യുഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾ വാട്‌സ്ആപ്പ് സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കന്പനി വെളിപ്പെടുത്തി.സ്ഥാപിത താൽപര്യങ്ങൾക്കായി വാട്‌സ്ആപ്പ് സേവനങ്ങൾ ദുപയോഗം ചെയ്യരുതെന്നും കന്പനിയുടെ സീനിയർ എക്‌സിക്യൂട്ടീവ് പറഞ്ഞു. ഓട്ടോമാറ്റിക് ടൂളുകൾ ഉപയോഗിച്ച് കൂട്ടത്തോടെ മെസേജുകൾ അയക്കുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്നിവക്കായി രാഷ്ട്രീയ പാർട്ടികൾ വാട്‌സ് ആപ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ പാർട്ടിയുടെ ബലം ബോധ്യപ്പെടുത്താനും ജനങ്ങളെ സ്വാധീനിക്കാനും പാർട്ടികൾ മെസേജുകൾ അയക്കാറുണ്ട്. തിരഞ്ഞെടുപ്പിന് മുന്പ് വ്യാജ വാർത്തകൾ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കന്പനി തന്നെ ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്.
അതേസമയം, ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നതെന്ന കാര്യം കന്പനി പുറത്തുവിട്ടിട്ടില്ല. ഏത് രീതിയിലാണ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതെന്നും ഇന്നലെ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടില്ല. ഇനിയും വാട്‌സ്ആപ്പിനെ ദുരുപയോഗം ചെയ്യുന്നത് തുടർന്നാൽ പല സേവനങ്ങളും പിന്‍വലിക്കേണ്ടി വരുമെന്നാണ് കന്പനിയുടെ മുന്നറിയിപ്പ്.