"നിങ്ങൾ പറഞ്ഞതെല്ലാം ശരി, പക്ഷേ പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ല"


തിരുവനന്തപുരം : "നിങ്ങൾ പറഞ്ഞതെല്ലാം ശരി, പക്ഷേ പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ല." – താനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എസ്പി ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണിത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്ഐക്കാരെ അന്വേഷിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെയാണു സംഭവം വിശദീകരിക്കാൻ എസ്പി മുഖ്യമന്ത്രിയെ കണ്ടത്.

എസ്പി പറഞ്ഞതെല്ലാം കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തലശ്ശേരി എഎസ്പി ആയിരിക്കുമ്പോൾ മുതൽ അറിയാമെന്നും ചൈത്രയോടു മുഖ്യമന്ത്രി പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു നിയമസഭയിൽ എസ്പിയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് രാത്രി റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും നടപടി ശുപാർശ ചെയ്തില്ല. ചൈത്രയെ ന്യായീകരിച്ച് എഡിജിപി മനോജ് ഏബ്രഹാം നൽകിയ റിപ്പോർട്ട് അതേപടി ബെഹ്റ മുഖ്യമന്ത്രിക്കു കൈമാറി.

എന്നാൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികൾക്കായി നിയമപ്രകാരം പരിശോധന നടത്തിയ വനിതാ എസ്പിക്കെതിരെ നടപടിയെടുത്താൽ തിരിച്ചടിയാകുമെന്നാണു പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ അടക്കം ചില ഉന്നതർ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചതെന്നാണു സൂചന. എസ്പി നടത്തിയ പരിശോധന ക്രമപ്രകാരമായിരുന്നതിനാൽ അന്വേഷണത്തിനു പഴുതില്ലെന്നും ഇവർ വ്യക്തമാക്കി. അതിനാൽ ചൈത്രയ്ക്കെതിരെ നടപടി സാധ്യത വിരളമാണ്.

എഡിജിപി മനോജ് ഏബ്രഹാം നൽകിയ റിപ്പോർട്ടിൽ എസ്പി ചൈത്ര സ്വീകരിച്ച നടപടികൾ അക്കമിട്ടു നിരത്തുന്നു. കോടതിയിൽ മുൻകൂട്ടി അറിയിച്ചത്, ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയത്, പ്രതികൾ പാർട്ടി ഓഫിസിൽ ഉണ്ടെന്നു സ്ഥിരീകരിച്ചത് എല്ലാം ഇതിലുണ്ട്. റിപ്പോർട്ട് ശരിവച്ചു മുഖ്യമന്ത്രിക്കു കൈമാറുക മാത്രമായിരുന്നു ബെഹ്റയുടെ മുന്നിലെ വഴി.

സിപിഎം ഭരണത്തിലിരിക്കെ പാർട്ടി ഓഫിസിൽ രാത്രി പൊലീസ് കയറിയതു പൊറുക്കാനാകാത്ത തെറ്റായാണു മുഖ്യമന്ത്രിയും പാർട്ടിയും കാണുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാർട്ടി. കഴിഞ്ഞ 24 ന് രാത്രിയാണു തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന വനിതാ സെൽ എസ്പി ചൈത്രയുടെ നേതൃത്വത്തിൽ പൊലീസ് സിപിഎം ഓഫിസിൽ കയറി പരിശോധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed