മരുന്ന് വാങ്ങാന്‍ വിജയ് സേതുപതി പണം നൽകിയ വൃദ്ധ സെറ്റിൽ തന്നെ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : കേരളത്തിന്റെ മനം നിറച്ച ആ അമ്മ മക്കൾ സെൽവന്റെ സെറ്റിൽ തന്നെ കുഴഞ്ഞുവീണ് മരിച്ചു. മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് ഷൂട്ടിംഗ് സൈറ്റിൽവെച്ച് വിജയ് സേതുപതിയോട് പറഞ്ഞ വൃദ്ധയ്ക്ക് താരം കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നൽകിയത് വലിയ വാർത്തയായിരുന്നു. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു സംഭവം. കാവാലം അച്ചാമ്മയെന്ന വയോധികയാണ് സഹായം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടത്. ആരാധകരെയും വിജയ് സേതുപതിയെയും വാർത്ത ദുഃഖത്തിലാഴ്ത്തി.
ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ഉടൻ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും ഇവർ സ്ഥിരം സാന്നിധ്യമാണ്. ജയറാം നായകനായ 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി' എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തിലും അച്ചാമ്മ അഭിനയിച്ചിട്ടുണ്ട്.
ആരാധകരെ കാണാൻ എത്തിയപ്പോഴാണ് വൃദ്ധ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാൻ പണമില്ല മോനെ എന്ന് പറഞ്ഞത്. ഇതു കേട്ട താരം തന്റെ സഹായികളുടെ കയ്യിലുള്ള പണം തരാൻ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ പണം പൂർണമായും മരുന്നുവാങ്ങാൻ നൽകുകയായിരുന്നു.