ദേവികുളം സബ് കളക്ടർക്ക് ഇനി ശബരിമലയുടെ ചുമതല


തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയി നിയമിക്കാന്‍ തീരുമാനിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് ഈ നിയമനം. തൃശൂര്‍ സബ് കളക്ടര്‍ രേണു രാജിനെ ദേവികുളം സബ് കളക്ടറായി മാറ്റി നിയമിക്കാനും തീരുമാനിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

അതേസമയം, കോഴിക്കോട് കളക്ടര്‍ യു.വി. ജോസിനെ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും. ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് തകര്‍ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിന് സ്പെഷ്യല്‍ പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് (ഓഖി ഫണ്ട്) അനുവദിക്കാനും തീരുമാനിച്ചു. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടാത്ത മിശ്രവിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനമായി. 

കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്‍ക്കൊള്ളിച്ച് ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നുതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ പ്രത്യേക ഉദ്ദേശ കമ്പനിയായി നിയമിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര പെരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ തോട് എന്നീ പ്രധാന അഞ്ച് തോടുകള്‍ പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed