സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി


കൊച്ചി: കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിര്‍ബന്ധിതമായിനടപ്പാക്കരുതെന്ന് ഹൈക്കോടതി. സാലറി ചലഞ്ച് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട കോടതിവിസമ്മതിച്ചവരുടെ പട്ടിക തയ്യാറാക്കുന്നതിനെ വിമർശിച്ചു. ഇത് നിര്‍ബന്ധിത പിരിവല്ലങ്കില്‍ എന്തിനാണ് വിസമ്മത പത്രം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സാലറി ചലഞ്ചിനെതിരേയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായത് 60 ശതമാനം ജീവനക്കാര്‍ മാത്രമാണ്. 40 ശതമാനം ജീവനക്കാരും സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞതായാണ് വിലയിരുത്തല്‍. നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്ന് മുമ്പും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed