കനത്ത മഴ തുടരുന്നു : വയനാട് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കൽപ്പറ്റ : വയനാട്ടിൽ കാലവർഷം വീണ്ടും ശക്തമായതോടെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പ്രൊഫഷണൽ കോേളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് വരെ 80.44 മില്ലീ മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. കാലവർഷം ആരംഭിച്ചതിനുശേഷം ജില്ലയിൽ ലഭിച്ച മഴയുടെ അളവ് 1161.74 മില്ലീമീറ്ററായി. കണ്ടത്തുവയൽ ജി.എൽ.പി സ്കൂളിൽ ഇന്നലെ വെള്ളംകയറി. മഴയ്ക്കിടെ വെള്ളമുണ്ട കണ്ടത്തുവയലിലും തലപ്പുഴ വെണ്മണിയിലുമായി രണ്ടു വീടുകൾ ഭാഗികമായി തകർന്നു. കാരാപ്പുഴ, ബാണാസുര സാഗർ അണകളിൽ ജലനിരപ്പ് ഉയരുകയാണ്. ബാണാസുര അണയിൽ 770.4-ഉം കാരാപ്പുഴയിൽ 758.2-ഉം എംഎസ്എൽ ആണ് ഇന്നലത്തെ ജലനിരപ്പ്. ആളുകൾ അണകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വൈത്തിരി താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നതായി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് സമീപത്തെ തോട് കരകവിഞ്ഞാണ് കണ്ടത്തുവയൽ സ്കൂളിൽ വെള്ളം കയറിയത്. അപ്രതീക്ഷിതമായി ക്ലാസ് മുറികളിലേക്ക് വെള്ളം കയറിയത് കുട്ടികളേയും അധ്യാപകരേയും ആശങ്കയിലാക്കി. പത്ത് ക്ലാസ് മുറികളും സ്റ്റാഫ്, ഓഫീസ് റൂമുകളും പാചകപ്പുരയും വെള്ളത്തിലായി. അദ്ധ്യാപകർ വിവരം അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. വിവരം അറിഞ്ഞ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി, വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ്, മെംബർ അമ്മത് ഹാജി, തൊണ്ടർനാട് പഞ്ചായത്ത് മെംബർ കെ. അസ്ഹർ അലി തുടങ്ങിയവർ വിദ്യാലയത്തിലെത്തി.