വ്യാപാരികളുടെ പ്രശ്നങ്ങളെ കൂട്ടായ്മയിലൂടെ ചെറുത്തു തോൽപിക്കാം : മന്ത്രി

കാഞ്ഞങ്ങാട് : ചെറുകിട മേഖലയിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളെ ചെറുത്തു തോൽപിക്കാൻ കൂട്ടായ്മയിലൂടെ കഴിയുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരികൾക്കായി ആരംഭിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് നഗരത്തിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന നഗര സുരക്ഷാ പദ്ധതിയെ പറ്റി സിഐ സി.കെ.സുനിൽ കുമാർ വിശദീകരിച്ചു. മരിച്ച അംഗങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷത്തിന്റെ സഹായധന ഫണ്ട് ലഭ്യമാക്കുന്ന പദ്ധതിക്കാണ് മർച്ചന്റ്സ് അസോസിയേഷൻ രൂപം നൽകിയത്. ഓരോ അംഗവും ഭാര്യയും പദ്ധതിയിൽ അംഗങ്ങളായിരിക്കും. ഏതൊരു അംഗമാണോ മരിക്കുന്നത്, ആ കുടുംബത്തിന് പദ്ധതിയിലെ ഓരോ അംഗത്തിൽ നിന്നും 500 രൂപ വീതം സ്വരൂപിച്ച് അഞ്ച് ലക്ഷം രൂപയാക്കി കൈമാറും.
അസോസിയേഷൻ പ്രസിഡണ്ട് സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട്, ജില്ലാ സെക്രട്ടറി എ.പ്രത്യോധനൻ, ജനറൽ സെക്രട്ടറി സി.എ.പീറ്റർ, മേഖലാ സെക്രട്ടറി ബി.ജയരാജ്, കെ.വി.ലക്ഷ്മണൻ, രാജേന്ദ്രകുമാർ, പ്രദീപ് കീനേരി, ബാബു രാജേന്ദ്രഷേണായ്, ഗിരീഷ് നായക്, എം.വിനോദ്, ട്രഷറർ എ.സുബൈർ എന്നിവർ പ്രസംഗിച്ചു.