ജെസ്ന കേസിൽ സർക്കാരിന് കോടതിയുടെ വിമർശനം

കൊച്ചി : ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. അവിടെയും ഇവിടെയും അന്വേഷിച്ചിട്ട് കാര്യമില്ല. കാട്ടിലും കടലിലും അന്വേഷിച്ച് നടന്നാൽ പോര, അന്വേഷണം കൃത്യമായ സൂചനകളിലേയ്ക്കാണ് നീങ്ങേണ്ടതെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ജസ്നയുടെ കേസ് സി.ബി.ഐക്ക് വിടണമെന്ന സഹോദരൻ ജെയ്സിന്റെ ഹർജി പരിഗണിക്കുന്പോഴാണ് കോടതിയുടെ വിമർശനം.
അതേസമയം ജെസ്നയെ ആരും വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയതല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജെസ്നയ്ക്കായുള്ള അന്വേഷണത്തിൽ കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനും സി.ബി.ഐക്കും കോടതി നോട്ടീസ് അയക്കും.
അതേസമയം ജെസ്നയുടെ ഫോൺ വിശദാംശങ്ങൾ പോലീസ് വീണ്ടെടുത്തു. ഫോണിലെ സന്ദേശങ്ങളും കോൾ വിവരങ്ങളുമാണ് വീണ്ടെടുത്തത്. നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ജെസ്നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമ്മിക്കുന്ന കെട്ടിടവും പരിസരവും പോലീസ് വീണ്ടും പരിശോധിക്കും. കെട്ടിടം കുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുമെന്നാണ് വിവരം. ഒരാഴ്ച മുൻപ് അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. മാർച്ച് 22-നാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ, വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടിൽ ജെയിംസിന്റെ മകൾ ജെസ്നയെ കാണാതായത്.