കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി ലോകായുക്തയിൽ പരാതി നൽകി
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ സത്യവാംഗ്്മൂലം നൽകിയ സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എ. എൻ രാധാകൃഷ്ണൻ ലോകായുക്തയിൽ പരാതി നൽകി. സത്യവാങ്മൂലത്തിൽ മുന്പ് 45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്കു നാലര ലക്ഷം രൂപ വില കാണിച്ചാണ് 2015 ൽ ഗവർണറെ തെറ്റിദ്ധരിപ്പിച്ചത്.
2011ലെനിയമസഭ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാംഗ്്മൂലത്തിൽ ഭാര്യ വിനോദിനിയുടെ പേരിൽ കണ്ണൂർ ജില്ലയിൽ രണ്ടു ഹൗസ് പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നതു നാലര ലക്ഷം രൂപയാണ്. 13.5 സെന്റ്, 9.5 സെന്റ് എന്നിങ്ങനെയുള്ള പ്ലോട്ടുകളിൽ ഒന്നിൽ വീടുണ്ട്. 2014ൽ നിഖിൽ രാജേന്ദ്രന്‍ എന്നയാൾക്കു വിനോദിനിയുടെ പേരിലുള്ള പ്ലോട്ടുകൾ 45 ലക്ഷം രൂപയ്ക്കു വിൽപന നടത്തിയിട്ടുണ്ട്. ചൊക്ലി സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു നടപടികൾ. അഞ്ചര ലക്ഷം രൂപ രജിസ്ട്രേഷന് ചെലവായി.
ഭൂമി ഇടപാടുകളിൽ 20,000 രൂപയിൽ കൂടുതൽ പണമായി കൈമാറാന്‍ പാടില്ലെന്ന ആദായ നികുതി നിയമവും കോടിയേരി ലംഘിച്ചിട്ടുണ്ട്. എന്നാൽ 2015 ജൂണ്‍ 30നു കോടിയേരി ഗവർണർക്ക് നൽകിയ സത്യവാങ്മൂലത്തിൽ വീടിരിക്കുന്ന പ്ലോട്ടിനു നാലര ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതു വാസ്തവ വിരുദ്ധമാണ്.
വിനോദിനി 45 ലക്ഷം രൂപയ്ക്കു വിറ്റ സ്ഥലത്തിനു തൊട്ടടുത്തായി മകന്‍ ബിനീഷ് കോടിയേരി ഇതേ കാലയളവിൽ ലക്ഷ്മിയമ്മ, സോമന്‍ എന്നിവരിൽ നിന്ന് അഞ്ചേമുക്കാൽ ലക്ഷത്തിനു 12.5 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. ഭൂമിവില കുറവുള്ള ഈ സ്ഥലത്തു വിനോദിനിയുടെ ഭൂമിക്കു മാത്രം എങ്ങനെ കൂടുതൽ വില ലഭിച്ചുവെന്നു പരിശോധിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. 2009ൽ സി. പി. എം നിയന്ത്രണത്തിലുള്ള ചൊക്ലി സഹകരണ ബാങ്ക്, കോടിയേരി സർവ്‍വീസ് സഹകരണ ബാങ്ക് എന്നിവയിൽ ഇതേ പ്ലോട്ടുകൾ ജാമ്യം നൽകി വിനോദിനി 18 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിറ്റ രേഖകളും തെരഞ്ഞെടുപ്പ് സത്യവാംഗ്്മൂലവും ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്.

