നാളെ മുതൽ മത്സ്യബന്ധന ബോട്ടുകളുടെ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം : ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മുതൽ മത്സ്യബന്ധന ബോട്ടുകൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുന്നു. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾക്ക് ഡീസൽ സബ്‌സിഡി ഏർപ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരിൽ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക എന്നീങ്ങനെ ഏഴോളം ആവശ്യങ്ങളുമായി ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെയും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളും നാളെ മുതൽ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കടലിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന മുഴുവൻ യന്ത്രവൽകൃത ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്ത് എത്തിക്കണമെന്ന് ബോട്ട് ഓണേഴ്‌സ് അസോഷിയേഷൻ അറിയിച്ചു.