സിനിമ-സീരിയൽ ലൊക്കേഷനുകളിൽ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് പിടികൂടി

കൊച്ചി : സിനിമ–സീരിയൽ ചിത്രീകരണ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച ഏഴ് കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. വയനാട് കൽപറ്റ മെസ് ഹൗസ് റോഡ് മാട്ടിൽ നൗഷീർ, കൽപറ്റ കന്പളക്കാട് മമ്മുക്കൽ ഇജാസ്, ആലപ്പുഴ ചേർത്തല അരീപ്പറന്പ് രായമരയ്ക്കാർ വീട്ടിൽ അനസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കൊച്ചി നഗരത്തിലും പരിസരത്തും സിനിമ–സീരിയൽ ലൊക്കേഷനുകളിൽ ലഹരി ഉപയോഗം നടക്കുന്നതായി കമ്മിഷണർ എം.പി. ദിനേശിന് വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. ആന്ധ്ര–ഒഡീഷ അതിർത്തി ജില്ലകളിൽ മാവോയിസ്റ്റ് പിന്തുണയോടെ കൃഷി ചെയ്യുന്ന കഞ്ചാവ്, ഇടനിലക്കാരില്ലാതെ നേരിട്ടാണു പ്രതികൾ ശേഖരിച്ചതെന്നു പോലീസ് പറഞ്ഞു. ബസ് മാർഗം വിശാഖപട്ടണത്ത് എത്തിക്കുകയും അവിടെ നിന്നു ട്രെയിലർ ലോറികളിൽ കേരളത്തിലേക്കു കടത്തുകയുമാണു ചെയ്തിരുന്നത്.
മൂന്ന് മാസത്തിനിടയിൽ ഇത്തരത്തിൽ ഏഴ് പ്രാവശ്യം ഹാഷിഷും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തിച്ചതായി പ്രതികൾ പറഞ്ഞു. കിലോഗ്രാമിന് നാലായിരം രൂപയ്ക്കു ലഭിക്കുന്ന ശീലാവതി ഇനത്തിൽപെട്ട കഞ്ചാവ്, ഇടുക്കി ഗോൾഡ് എന്ന പേരിൽ കിലോഗ്രാമിന് ഇരുപതിനായിരം രൂപയ്ക്കാണ് ഇവർ ലൊക്കേഷനുകളിൽ ഇടനിലക്കാർ വഴി വിറ്റഴിച്ചിരുന്നത്. പ്രതികളിൽ ഒരാളായ അനസ് എറണാകുളം നോർത്ത് റെയിൽവേ േസ്റ്റഷനു സമീപം നടത്തുന്ന കേറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു വിൽപന. ഇവർക്കു കഞ്ചാവ് നൽകുന്ന വരെക്കുറിച്ചും വിവരം ലഭിച്ചതായി ഡിസിപി കറുപ്പസ്വാമി അറിയിച്ചു.