ഷൂട്ടിംഗിനിടെ പ്രണവ് മോഹൻലാലിന് പരിക്ക്

കൊച്ചി : ഷൂട്ടിംഗിനിടെ പ്രണവ് മോഹൻലാലിന് പരിക്ക്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ കൊച്ചിയിലെ ഷൂട്ടിംഗിനിടെയാണ് പ്രണവിന് കൈയ്ക്ക് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗത്തിനിടയിൽ കണ്ണാടി പൊട്ടിച്ചപ്പോൾ രക്തം വാർന്നൊഴുകാൻ തുടങ്ങിയ പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പരിക്ക് ഭേദമായ ശേഷമേ ഷൂട്ടിംഗ് പുനഃരാരംഭിക്കൂ.
ആദിയുടെ അവസാന ഷെഡ്യൂളിൽ രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രം ശേഷിക്കുന്പോഴാണ് പ്രണവിന് അപകടമുണ്ടായത്. ഹൈദരാബാദിലെയും കൊച്ചിയിലെയും ഓരോ ദിവസത്തെ ഷൂട്ടിംഗാണ് പൂർത്തിയാക്കാനുള്ളത്. പ്രണവ് നായകനായി അരങ്ങേറുന്ന ആദി ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ്. അതിഥി രവി, അനുശ്രീ, ലെന എന്നിവരാണ് ആദിയിലെ നായികമാർ. സിദ്ദിഖ്, സിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക്ക് എന്നിവരാണ് മറ്റ് താരങ്ങൾ.
ആദി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. മൂന്ന് സ്ത്രീകഥാപാത്രങ്ങളുടെയും ആദി എന്ന നായകന്റെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം നരസിംഹം റിലീസായ ജനുവരി 26ന് ആദി തിയേറ്ററിലെത്തിച്ചേക്കും.