മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം; രണ്ട് പേർ അറസ്റ്റിൽ

ചാവക്കാട്: കണ്ണിൽ മുളകുപൊടിയെറിഞ്ഞു കവർച്ചയ്ക്കു ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ രാവിലെ പഞ്ചാരമുക്ക് സെന്‍ററിലെ ചക്കംകണ്ടം അറക്കൽ കുറുപ്പത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള ഫസ സാനിറ്ററി ഹാർഡ് വെയർ സ്ഥാപനത്തിലാണ് കവർച്ചാശ്രമം അരങ്ങേറിയത്. സംഭവത്തെ തുടർന്ന് കൊച്ചി കലൂർ ആസാദ് റോഡിൽ വട്ടപ്പറന്പിൽ സൗരവ് (18), കാമുകി എറണാകുളം ചേരാനെല്ലൂർ ഇടയകുന്ന് നികത്തിൽ ശ്രീക്കുട്ടി (18) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വയറിംഗ് ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയാണ് തട്ടിപ്പിന് ശ്രമിച്ചത്. 500 രൂപയുടെ നോട്ടാണ് ഉള്ളതെന്നും ചില്ലറ മടക്കിനൽകണമെന്നും സൗരവ് ആവശ്യപ്പെട്ടു. തുടർന്ന് നോട്ട് തരാൻ ഹംസ പറഞ്ഞു. നോട്ടെടുത്തിട്ട് വരാം എന്നുപറഞ്ഞ് പുറത്ത് നിർത്തിയ ബൈക്കിനടുത്തേക്ക് രണ്ടുപേരും പോയി. ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തി തിരിച്ചുവന്ന സൗരവ് തന്റെ കൈവശമുണ്ടായിരുന്ന മുളകുപൊടിയുടെ പൊതി തുറന്ന് ഹംസയുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. ഈ തക്കത്തിൽ ഹംസയുടെ കീശയിൽ നിന്നും ക്യാഷ് കൗണ്ടറിൽനിന്നും പണമെടുക്കാൻ ഇരുവരും ശ്രമം നടത്തി.
എന്നാൽ ഹംസ ഒച്ചവയ്ക്കുകയും സൗരവിന്റെ കഴുത്തിൽ മുറുകെ പിടിക്കുകയും ചെയ്തപ്പോൾ മോഷണശ്രമമുപേക്ഷിച്ച് രക്ഷപ്പെടാനായി ഇവരുടെ നീക്കം. കുതറി ഓടാൻ ശ്രമിക്കുന്നതിനിടെ ശ്രീക്കുട്ടി നിലത്തുവീണു. നിലത്തുവീണ ശ്രീക്കുട്ടിയുടെ മുടിക്കെട്ടിൽ ഹംസ പിടിച്ചു. ഹംസയുടെ ഒച്ചയും ബഹളവും കേട്ട് റോഡിലൂടെ വാഹനത്തിൽ പോയിരുന്നവരും നാട്ടുകാരും കടയിലേക്ക് ചെന്ന് ഇവരെ പിടികൂടാൻ സഹായിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിളിച്ച് ഇരുവരേയും കൈമാറി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സൗരവിനെ ചാവക്കാട് സബ്ജയിലിലേക്കും ശ്രീക്കുട്ടിയെ തൃശൂർ വനിതാ ജയിലിലേക്കും മാറ്റി. ചാവക്കാട് എസ്.ഐ എം.കെ രമേഷ്, എ.എസ്.ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.