വിഴിഞ്ഞം തുറമുഖ നിർമ്മാണം തടഞ്ഞ് വൻ പ്രതിഷേധം നടത്തി

കോവളം : രാജ്യാന്തര തുറമുഖ നിർമ്മാണം തടഞ്ഞ് നാട്ടുകാർ വൻ പ്രതിഷേധം നടത്തി. പുനരധിവാസ പാക്കേജ് അടക്കമുള്ള വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രതിഷധ സമര വുമായി വിഴിഞ്ഞത്തെത്തിയത്. വിവരമറിഞ്ഞ് കലക്ടറും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും സമരം തുടരുകയാണ്.
അർഹതപ്പെട്ടവർക്കെല്ലാം മതിയായ നഷ്ട പരിഹാരത്തുകകൾ സമയബന്ധിതമായി വിതരണം ചെയ്യാൻ മെയ് 15ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് കൃത്യമായി പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തി. ഇതേ തുടർന്നാണ് നാട്ടുകാർ പ്രതിഷേധ സമരത്തിനിറങ്ങിയത്.
നാട്ടുകാരുടെ പ്രതിഷേധ വിവരമറിഞ്ഞ് ഡെപ്യൂട്ടി കലക്ടർ രഘുപതി വിഴിഞ്ഞം ഇടവക വികാരി ഫാ. വി വിൽഫ്രഡ്, സെക്രട്ടറി ഇസാക് ജോണി തുടങ്ങിയവരുമായി അനുരഞ്ജനചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കലക്ടർ വാസുകിയും വിവിധ കക്ഷിനേതാക്കളുമെത്തി ചർച്ച നടത്തി. തീരുമാനം അറിയിച്ചതോടെ ഒരു വിഭാഗം സമരക്കാർ പിരിഞ്ഞുപോയി.
പാക്കേജ് നടപ്പാക്കിയ ശേഷം നിർമ്മാണ പ്രവൃത്തി തുടങ്ങിയാൽ മതിയെന്ന ആവശ്യമുയർത്തിയാണ് സ്ത്രീകൾ അടക്കമുള്ളവർ സമരം തുടരുന്നത്. സംഘർഷ സാധ്യതയെതുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. രാവിലെ തുറമുഖ നിർമ്മാണ സ്ഥലത്തേക്കുള്ള വഴി വള്ളം നിരത്തി അടച്ചു. വീടുകൾക്കുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം, പുതിയ വീടുകൾ, പുനരധിവാസ പാക്കേജുകൾ എന്നിവയിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ചർച്ചയിൽ കലക്ടർ അറിയിച്ചു.
കരമടി മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം നവംബർ ഏഴിനും ഒന്പതിനും ഇടയിൽ വിതരണം ചെയ്യും. പട്ടയ വിതരണം അടക്കമുള്ളവയിൽ നടപടി കൈക്കൊള്ളാനും തീരുമാനിച്ചു. ചർച്ചയിൽ ഇടവക കൗൺസിൽ അംഗങ്ങളും കക്ഷിനേതാക്കൾ, തുറമുഖ കന്പനി എം.ഡി ഡോ. ജയകുമാർ, അദാനി കന്പനി സി.ഇ.ഒ സന്തോഷ്കുമാർ മഹാപാത്ര, റവന്യൂ ഉദ്യോഗസ്ഥർ, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ ദിനിൽ, വിഴിഞ്ഞം സി.ഐ എൻ ഷിബു എന്നിവരും പങ്കെടുത്തു.