ജലാശയം മലിനമാക്കുന്നവർക്ക് മൂന്നുവർഷം തടവും രണ്ടുലക്ഷം പിഴയും


തിരുവനന്തപുരം : പുഴകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാൽ മൂന്നുവർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിൽ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഇതോടെ, ജലാശയങ്ങൾ മലിനമാക്കുന്നതു തടയാൻ തടവ് ഉൾപ്പെടെയുള്ള നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാകും കേരളം.

നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ നിയമത്തില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് പിഴ. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് തടവ്. ശിക്ഷ വര്‍ധിപ്പിക്കുന്നതിന് കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റിലാണ് ഭേദഗതി വരുത്തുന്നത്. നദീസംരക്ഷണ അതോറിറ്റിയിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്. അവധിദിവസങ്ങളിലും രാത്രികളിലും കനാലുകളിൽ അറവുമാലിന്യം തള്ളുന്നത് സംസ്ഥാനത്ത് പതിവാണ്. പുഴയിലും ലോഡു കണക്കിന് മാലിന്യങ്ങൾ ചാക്കിൽക്കെട്ടിയും അല്ലാതെയും വലിച്ചെറിയുന്നതും കേരളത്തിലുടനീളം കാണാം. മിക്കയിടത്തും കുടിവെള്ളം വിതരണം ചെയ്യുന്ന പുഴകളിലാണ് ഇങ്ങനെ മാലിന്യം തള്ളുന്നത്. മാലിന്യങ്ങൾ കെട്ടികിടന്ന് ഒഴുക്കുനിലച്ച പുഴകളും കനാലുകളും സംസ്ഥാനത്തു നിരവധിയുണ്ട്. പരിസ്ഥിതി മലിനീകരണത്തിനും പകർച്ചവ്യാധികൾക്കും ഇടയാക്കുന്ന മലിനീകരണത്തിനെതിരെ ശക്തമായ നിയമം ഇല്ലായിരുന്നെന്ന പോരായ്മയ്ക്കാണു കേരളസർക്കാർ പരിഹാരം കണ്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed