ദിലീപിന്റെ ജാമ്യാപേക്ഷ ഈ മാസം 26ലേക്കു മാറ്റി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഈ മാസം 26ലേക്കു മാറ്റിവച്ചു. ഇതിനു മുമ്പ് ഹർജി തള്ളിയ ശേഷം സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ ഹർജി പരിഗണിക്കൂവെന്നും കോടതി അറിയിച്ചു. കേസിൽ ദിലീപിന്റെ അഭിഭാഷകരുടെ വാദങ്ങൾ കോടതി കേട്ടില്ല. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണു ദിലിപിനു വേണ്ടി ഹാജരായത്.
ഹൈക്കോടതിയിൽ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുൻപ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ എത്തിയത്. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.