കണ്ണൂര്‍ വിമാനത്താവളം 2018ൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : 2018 സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെയാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ട്. രാജ്യാന്തര വിമാനക്കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഒരോ സര്‍വീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ അനുമതിയായി. വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയോടു കൂടിയ വിമാനത്താവളമായി കണ്ണൂര്‍ മാറും.
റണ്‍വേയുടെയും സേഫ്റ്റി ടെര്‍മിനലിന്‍റെയും നിര്‍മ്മാണം മഴയൊഴിഞ്ഞ ശേഷം എല്‍ ആന്‍റ് ടി ആരംഭിക്കും. 2018 ജനുവരിയില്‍ പ്രവൃത്തി പൂര്‍ത്തിയാകും. ഇന്‍റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനലും ജനുവരിയില്‍ പൂര്‍ത്തിയാകും. 498 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഡിസംബറോടെ എക്സ്റേ മെഷീനും 2018 മാര്‍ച്ചില്‍ ലഗേജ് സംവിധാനവും ഫെബ്രുവരിയില്‍ പാസഞ്ചര്‍ ബോര്‍ഡിംഗ് ടെര്‍മിനലും തയാറാവും. എസ്കലേറ്റര്‍ സംവിധാനം ജനുവരിക്ക് മുന്‍പ് പൂര്‍ത്തിയാകും. വിമാനത്താവളത്തിന് പുറത്തെ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള 126 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടി അവസാന ഘട്ടത്തിലാണ്.