സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ല : ജീവനക്കാർ അസഭ്യം പറയുന്നതായി പരാതി
പാലക്കാട് : സ്വകാര്യ ബസുകളിൽ സ്കൂൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. ധിക്കരിച്ച് കയറുന്ന കുട്ടികളെ അസഭ്യം പറയുകയാണെന്നും ആക്ഷേപം ഉയരുന്നു. ചെറിയ ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് പോകാൻ ഇതുമൂലം കഴിയുന്നില്ല. ഒന്പത് മണിക്കാണ്് ക്ലാസ് തുടങ്ങുന്നത്. ഇതുമൂലം എട്ടുമണി മുതലുള്ള ബസുകളിൽ യാത്ര ചെയ്യേണ്ടി വരുന്നു. ഇത് സ്കൂൾ സമയമല്ലെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളെ തടയുന്നത്. ഉൾപ്രദേശങ്ങളിൽനിന്നും വരുന്ന വിദ്യാർത്ഥികളാണ് ഏറേ ദുരിതത്തിലാകുന്നത്. ബസുകളിലെ കിളികളുടെ ദ്രോഹം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും വിദ്യാർത്ഥിനികളാണ്. ഒന്പതിനുശേഷം ടൗണിലെ സ്റ്റോപ്പുകളിൽ പോലീസ് ഡ്യൂട്ടിക്കുള്ളതുകൊണ്ട് അവിടെ കാര്യമായ പ്രശ്നം വരുന്നില്ല. അതിനുമുന്പുള്ള സമയത്ത് യാത്ര ചെയ്യേണ്ട വിദ്യാർത്ഥികൾക്കാണ് ദുരിതം. വൈകിയെത്തിയാൽ അദ്ധ്യാപകരുടെ വഴക്ക് കേൾക്കേണ്ടതായും വരുന്നു. സമയത്തിനെത്താൻ ബസുകാർ അനുവദിക്കുന്നുമില്ല.
വിദ്യാർത്ഥികൾ സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടാൽ ബസ് മുന്നോട്ടുകയറ്റി നിർത്തുകയോ പിന്നിലേക്ക് ഇറക്കി നിർത്തുകയോ ചെയ്ത് വിദ്യാർത്ഥികളെ കയറ്റാതെ പോകുകയാണ് പതിവ്.

