ആദി­­­വാ­­­സി­­­ മേ­­­ഖലയിൽ വൻ വനംകൊ­­­ളള


തൃശൂർ‍ : ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ താമരവെള്ളച്ചാൽ‍ ആദിവാസി മേഖലയിൽ‍നിന്നും കോടിക്കണക്കിന്‌ രൂപയുടെ മരങ്ങൾ‍ മുറിച്ചു കടത്തിയതെന്ന്‌ കോളനിയിലെ ആദിവാസികൾ‍ പട്ടിക്കാട്‌ റേഞ്ച്‌ ഓഫീസിൽ‍ മൊഴി നൽ‍കി. മുൻ‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർ‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ മരം മുറിക്കാൻ കൂട്ടു നിന്നതെന്ന്‌ ആദിവാസികൾ‍ വ്യക്തമാക്കി. 

ആദിവാസികൾ‍ക്ക്‌ കൃഷി ചെയ്യാനായി അനുവദിച്ച ഭൂമിയിൽ ‍നിന്നും തേക്ക്‌, ഇരുമുള്ള എന്നിവയുടേതുൾ‍പ്പെടെ കോടികളുടെ മരങ്ങൾ‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പണം നൽ‍കി സ്വാധീനിച്ചാണ്‌ മരം മുറിച്ചത്‌. മരം മുറിക്കാനായിഉദ്യോഗസ്ഥർ‍ എല്ലാ വിധ പിന്തുണയും നൽ‍കിയിരുന്നുവെന്നാണ്‌ ആദിവാസികൾ‍ പറയുന്നത്‌. 

വനംകൊള്ളക്കേസിൽ‍ ഉൾ‍പ്പെട്ട്‌ ആത്മഹത്യ ചെയ്‌ത ബൈജുവിന്റെ പങ്കിനെക്കുറിച്ചും ഇവർ‍ മൊഴി നൽ‍കിയിട്ടുണ്ട്‌. മേഖലയിലെ തടിക്കടത്തിനെ കുറിച്ച്‌ വ്യാപക പരാതിയുയർ‍ന്നതോടെ അന്വേഷണത്തിനായി സ്ഥലത്തെത്തിയ ഡി.എഫ്‌.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരെ ആദിവാസികൾ‍ തടഞ്ഞു വെച്ചിരുന്നു. ഇതും മരംമുറിക്കേസിൽ‍ പങ്കുള്ള ഉദ്യോഗസ്ഥർ‍ പറഞ്ഞതനുസരിച്ചാണെന്നും ആദിവാസികൾ‍ മൊഴിനൽ‍കി. ഉദ്യോഗസ്ഥരുടെ ഒത്താശയെക്കുറിച്ച്‌ മൊഴിയിൽ‍ വ്യക്തമായതോടെ അന്വേഷണത്തിൽ‍ വഴിത്തിരിവുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. 

ആദിവാസികളുടെ സഹകരണത്തോടെ കോടികളുടെ സർ‍ക്കാർ‍ മുതലാണ്‌ ഉദ്യോഗസ്ഥർ‍ കടത്തിയതെന്നാരോപിച്ച്‌ നാട്ടുകാരും രംഗത്ത്‌ വന്നിരുന്നു. താമരവെള്ളച്ചാൽ‍ മേഖലയിൽ‍ നിന്നു മാത്രം 200 മരങ്ങളാണ്‌ ജീവനക്കാരുടെ ഒത്താശയോടെ കടത്തിയത്‌. ഇതിൽ‍ 25 മരങ്ങൾ‍ മാത്രമേ കണ്ടെത്താൻ‍ കഴിഞ്ഞിട്ടുള്ളൂ. 125 വർ‍ഷം വരെ പഴക്കമുള്ള തേക്കിന്‍ തടികൾ‍ താമരവെള്ളച്ചാൽ‍ മേഖലയിൽ‍ നിന്നും നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ്‌ ആദിവാസികൾ‍ പറയുന്നത്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed