ജൈവ വൈവിധ്യം നിലനിർത്തുന്നതാവണം വികസനത്തിന്റെ അടിത്തറ: സി.രവീന്ദ്രനാഥ്
തൃശൂർ : പ്രകൃതിയുടെ ജൈവ വൈവിധ്യം നിലനിർത്തുന്നതാവണം വികസനത്തിന്റെ അടിത്തറയെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പ്രകൃതിയിൽ ഒരു ജീവി നശിച്ചാൽ അതിന്റെപ്രത്യാഘാതം മനുഷ്യൻ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സുസ്ഥിര വികസനത്തിനും കൃഷി അധിഷ്ഠിത വികസന പദ്ധതികൾക്കും പിന്നിൽ അണിനിരക്കുമെന്ന് പ്രഖ്യാപിച്ചു തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെയും സാലിം അലി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കൂട്ടയോട്ടവും സുസ്ഥിര വികസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടയോട്ടം മന്ത്രി വി.എസ്.സുനിൽ കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ശുദ്ധജലം എന്റെ അവകാശം എന്നു പറയാൻ കേരളത്തിൽ ആർക്കും കഴിയാത്ത സ്ഥിതിയാണെന്നും അത്രമേൽ നാം പ്രകൃതിയെയും ജലസ്രോതസുകളെയും ചൂഷണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വി.എസ്.സുനിൽകുമാർ വ്യക്തമാക്കി. ജൈവകൃഷിയെന്നാൽ കൃഷിക്കപ്പുറം ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷം നിറഞ്ഞ ഭക്ഷണവും 35–45 വയസിനിടയിലെ അറ്റാക്കുമാണ് വികസനം നമുക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് സാലിം അലി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.എസ്.വിജയൻ പറഞ്ഞു. പ്രതിശീർഷ വാർഷിക വരുമാനമല്ല, സംതൃപ്തിയാണ് അളവുകോലാക്കേണ്ടത്. ഭൂട്ടാനിൽ അങ്ങനെയാണ്. എല്ലാറ്റിനും വകുപ്പു രൂപീകരിക്കുന്ന സർക്കാരുകൾ സുസ്ഥിര വികസനത്തിന് ഒരു വകുപ്പും രൂപീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാൻ നാം ഇപ്പോൾത്തന്നെ വൈകിയെന്നും സർക്കാർ പദ്ധതികൾ അത്തരത്തിൽ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും കലക്ടർ ഡോ. എ.കൗശികൻ പറഞ്ഞു. മറ്റുള്ളവർ പ്രസംഗിച്ചു.

