അറസ്റ്റിനായി അന്വേഷണ സംഘം കാത്തിരുന്നത് 81 ദിവസം : ബ്ലാക്ക്മെയിൽ കേസിനൊപ്പം നൽകിയ ശബ്ദരേഖ തിരിച്ചടിയായി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ഐജി ദിനേശ് കശ്യപ് നേതൃത്വം നൽകിയ പൊലീസ് സംഘം കുറ്റകൃത്യത്തിന്റെ സൂത്രധാരനായ നടൻ ദിലീപിന്റെ അറസ്റ്റിനായി കാത്തിരുന്നത് 81 ദിവസം. കേരളാ പൊലീസിന്റെ ചരിത്രത്തിലെ അഭിമാനകരമായ അന്വേഷണ വിജയത്തിന്റെ തുടക്കം ‘കേസിൽ ഗൂഢാലോചന’യില്ലെന്ന തന്ത്രപരമായ പ്രഖ്യാപനത്തിലൂടെയായിരുന്നു. നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ദിലീപ് അടക്കമുള്ള പ്രതികളെ തെറ്റിദ്ധരിപ്പിക്കാൻ പൊലീസിനു കഴിഞ്ഞു.
കേസിലെ ഗൂഢാലോചന തെളിയാൻ അന്വേഷണ സംഘം അറുപതു ദിവസം കഴിയും മുൻപ് ആദ്യ കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനം എടുത്തു. റിമാൻഡിലായ പ്രതികൾക്കു ജാമ്യം ലഭിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ജയിലിൽ സുനിയെ പരമാവധി നിസഹായനും നിരാശനുമാക്കിയാൽ കുറ്റകൃത്യത്തിനു ക്വട്ടേഷൻ നൽകിയവരെ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന അനുമാനത്തിലാണു പൊലീസ് ഇങ്ങനെ ചെയ്തത്. ജയിലിനുള്ളിലും പ്രതികളെ കുരുക്കാനുള്ള അണിയറ ഒരുക്കങ്ങൾ പൊലീസ് ചെയ്തിരുന്നു.
ഇതിനിടയിൽ ജയിലിനുള്ളിലെ കോയിൻ ബൂത്തിൽ നിന്നു സുനിയുടെ ആദ്യ ഫോൺ വിളി പുറത്തേക്കു പോയതു തന്നെ പൊലീസ് കണ്ടെത്തി. ദിലിപിന്റെ അടുപ്പക്കാരനാണ് ഈ വിളി പോയത്. ദിലീപ്, അപ്പുണ്ണി, നാദിർഷാ എന്നിവരുടെ ഫോൺ നമ്പറുകൾക്കു വേണ്ടിയാണ് സുനി വിളിച്ചതെന്നു വ്യക്തമായതോടെ ഇവർ മൂന്നുപേരും പൊലീസിന്റെ നിരീക്ഷണത്തിലായി. പൾസർ സുനിയെ മുഖ്യപ്രതിയാക്കി ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിച്ചതായി ദിലീപും സംഘവും തെറ്റിദ്ധരിച്ചു.
ഇതിനിടയിൽ ദിലീപിന്റെ ‘വെൽക്കം ടു സെൻട്രൽ ജയിൽ’ എന്ന സിനിമയിൽ കാക്കി വേഷത്തിൽ തലകാണിച്ച പൊലീസ് ഉദ്യോഗസ്ഥൻ വഴി പൊലീസിന്റെ നീക്കം ചോർന്നു. ഇതിനിടയിൽ സുനി ജയിലിൽ നിന്ന് എഴുതിയ കത്തും വാട്സാപ്പിൽ ദിലീപിനു ലഭിച്ചു. തുടർന്നു വേഗത്തിലായിരുന്നു ദിലീപിന്റെ നീക്കം. ജയിലിൽ കഴിയുന്ന പ്രതി സുനിൽ കുമാറും കൂട്ടുപ്രതികളും പണത്തിനു വേണ്ടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതായി ഏപ്രിൽ 20 നു ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകി. തന്ത്രപരമായിരുന്ന ഈ നീക്കമാണ് തിരിച്ചടിച്ചത്.
പരാതിക്കൊപ്പം സമർപ്പിച്ച ഒരു ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ദിലീപിന് തിരിച്ചടിയായത്. മലയാളത്തിലെ സൂപ്പർതാരം, മുൻനിര നിർമ്മാതാവ്, പ്രമുഖ നടി എന്നിവർ കേസിൽ ദിലീപിന്റെ പേരു പറയാൻ പണം വാഗ്ദാനം ചെയ്തെന്നു പരാമർശിക്കുന്ന ശബ്ദരേഖ ദിലീപും നാദിർഷായും ചേർന്നു വ്യാജമായി ഒരുക്കിയതാണെന്നു കണ്ടെത്തിയതോടെ പൊലീസ് കുരുക്കു മുറുക്കി. കേസിൽ ദിലീപ് കുരുങ്ങുമെന്ന് ഉറപ്പായതോടെ ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാൻ സിനിമാ മേഖലയ്ക്കുള്ളിൽ തന്നെ ഉള്ളവർ നടത്തിയ നീക്കങ്ങൾ ‘അമ്മ’യുടെ പത്ര സമ്മേളനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളോടെ പാളി.