ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു : സാധാരണ തടവുകാരനായി പരിഗണിക്കുമെന്ന് പൊലീസ്

തിരുവനന്തപുരം : കൊച്ചിയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിനെ സാധാരണ തടവുകാരനായി തന്നെയായിരിക്കും പരിഗണിക്കുകയെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ കോടതി പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടില്ല. മറ്റു തടവുകാരുടെ കൂടെ പാർപ്പിക്കാതെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് ദിലീപിനെ റിമാൻഡ് ചെയ്തത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു ദിലീപിന്റെ അറസ്റ്റ്. തുടർന്ന് ആലുവ പൊലീസ് ക്ലബിൽ കൊണ്ടുവന്ന ദിലീപിനെ ഇന്ന് പുലർച്ചെ ആറുമണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ എത്തിച്ചു. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്,
അതേസമയം, തെറ്റു ചെയ്യാത്തതിനാൽ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിൽനിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിയിൽനിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതു ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന.
ജനിച്ചു വളർന്ന സ്വന്തം വീട്ടിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ജയിലിലായിരിക്കും ദിലീപ് റിമാൻഡിൽ കഴിയുക. നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പർസർ സുനിയുമായി ദിലീപിന് വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നാണ് സൂചന. 2013ലാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരംഭിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. എംജി റോഡിലെ ഒരു ഹോട്ടലിൽവച്ചായിരുന്നു ഗൂഢാലോചന.