ഉപ്പളയിൽ കടലാ­ക്രമണം രൂ­ക്ഷം


കാസർഗോഡ്:  ജില്ലയിലെ ഉപ്പള മുസോടി മേഖലയിൽ ശക്തമായ കടലാക്രമണം. അഞ്ചുദിവസമായി തുടരുന്ന ശക്തമായ കടലാക്രമണത്തിൽ 60 മീറ്ററോളം കരഭാഗം കടലെടുത്തു. പ്രദേശത്ത് വൻ നാശനഷ്ടവുമുണ്ടായി. ദിനംപ്രതി കരഭാഗം കടലെടുത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ മുപ്പതോളം കാറ്റാടിമരങ്ങളും എഴുപതോളം തെങ്ങുകളും കടപുഴകി. മൂസോടി− അദിക്ക റോഡ് പൂർണമായും കടലെടുത്തു. വലിയ ചാക്കുകളിൽ് മണൽനിറച്ച് നിരത്തിയെങ്കിലും ഇതെല്ലാം ഭേദിച്ച് തിര അടിച്ചുകയറുകയാണ്.  മൂസോടി അദിക്കയിൽ നേരത്തേ ഒന്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവർക്ക് ഇതുവരെ തിരികെപ്പോകാൻ കഴിഞ്ഞില്ല. 

കടലേറ്റം തടയാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം തഹസിൽദാറടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ ഇന്നലെ വൈകീട്ട് നാട്ടുകാർ ഒരു മണിക്കൂറിലധികം തടഞ്ഞുവെച്ചു. ഇവർ സ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഉടൻ സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കളക്ടർ സ്ഥലത്തെത്തണമെന്നും ക്ഷുഭിതരായ ജനക്കൂട്ടം ആവശ്യപ്പെട്ടു. 

മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുൽ ഹമീദും തഹസിൽദാർ സൂര്യനാരായണയും നാട്ടുകാരുമായി സംസാരിച്ച് സംഘർഷം ഒഴിവാക്കി. പ്രശ്നം അടിയന്തരമായും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇവർ അറിയിച്ചു. മഞ്ചേശ്വരം തുറമുഖത്തിന്റെ ഭാഗമായി നിർമ്മിച്ച പുലിമുട്ടാണ് കടലേറ്റം രൂക്ഷമാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.  

You might also like

Most Viewed