ട്രഷറികൾ ഇന്നും പ്രതിസന്ധിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ട്രഷറികൾ ഇന്നും പ്രതിസന്ധിയിൽ. ആവശ്യമായ നോട്ടുകള്‍ ബാങ്കുകള്‍ നല്‍കിയില്ലെങ്കിൽ സംസ്ഥാന ജീവനക്കാര്‍ക്കുള്ള ശമ്പള വിതണം സ്തംഭിക്കുമെന്ന സ്ഥിതിയാണ് ഇപ്പോൾ.
ട്രഷറികള്‍ക്ക് പ്രവര്‍ത്തിക്കാൻ ആവശ്യമായ പണം ലഭിക്കാതെ വന്നതോടെ ഇന്നലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശമ്പള വിതരണവും, പെന്‍ഷന്‍ വിതരണവും മുടങ്ങിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കൂടുതല്‍ പണം എത്തിക്കാനായത് ഇടപാട് കാര്‍ക്ക് ആശ്വാസമായി. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്.
ഇന്നലെ പണം ലഭിക്കാത്തവരും ഇന്ന് ട്രഷറികളില്‍ പണം പിന്‍വലിക്കാൻ എത്തും എന്നതിനാൽ വൻ തിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ശമ്പളവും പെന്‍ഷനും നല്‍കാന്‍ 300 കോടി രൂപ ആവശ്യമുണ്ടെങ്കിലും, ലഭിച്ച പണം വിതരണം ചെയ്ത ശേഷം ട്രഷറികളില്‍ നീക്കിയിരിപ്പ് ഉള്ളത് വെറും 12 കോടി മാത്രമാണ്. പെന്‍ഷനും, ശമ്പളവും വിതരണം ചെയ്യണമെങ്കില്‍ 250 മുതല്‍ 300 കോടി രൂപ വരെ വേണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 4.35 ലക്ഷം പെന്‍ഷന്‍ ഉള്ളിടത്ത് വെറും 59000 പേര്‍ മാത്രമാണ് ഇതുവരെ പെന്‍ഷന്‍ കൈപ്പറ്റിയത്. ഇതുവരെ തുക കൈപ്പറ്റിയത് ചെറിയ തുക ഉള്ളവര്‍ ആയത് കൊണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പെന്‍ഷന്‍ തുക ഉള്ളവര്‍ ട്രഷറികളില്‍ എത്തുന്നതോടെ പ്രതിസന്ധി രൂക്ഷമായേക്കും.